തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ രാജി തീരുമാനമെടുത്തത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൗൺസിലർ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളും ജോലിഭാരവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് അവർ തീരുമാനമെടുത്തത്. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖയോട് വലിയ ബഹുമാനമാണുള്ളതെന്നും പാർട്ടിയിൽ അവർക്ക് അർഹമായ ഉന്നത പദവി തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ നിലവിലെ ഭരണ വ്യവസ്ഥയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, റേഞ്ച് റോവർ ഓടിക്കുന്ന മന്ത്രിയും സ്വകാര്യ ജെറ്റിൽ പറക്കുന്ന മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളതെന്ന് കുറ്റപ്പെടുത്തി. പവർകട്ടും വികസന മുരടിപ്പും തുടരുമ്പോൾ യു.ഡി.എഫ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തോടും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ കാര്യങ്ങൾ നടത്താൻ രാജ്യത്ത് കൃത്യമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ച് നിന്നാണ് സമരം ചെയ്യുന്നത്. രാഷ്ട്രീയ ഡീൽ ആരൊക്കെ തമ്മിലാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടാൻ ഇത് ഉപകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.




+ There are no comments
Add yours