ഇസ്രായേൽ വ്യോമാതിർത്തി കടന്നെങ്കിൽ ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടുമായിരുന്നു; തയാറെടുപ്പുമായി ഇസ്രായേൽ സൈന്യം

Estimated read time 1 min read

ടെൽ അവീവ്: ഹമാസ് അനുഭാവിയായ സഹപൈലറ്റിന്റെ അട്ടിമറി ശ്രമത്തിന് ഇരയായ ഫ്ലൈ ദുബായ് വിമാനം ഇസ്രായേൽ വ്യോമാതിർത്തി കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ സൈന്യം തയാറെടുത്തിരുന്നതായി അമേരിക്കൻ മാധ്യമമായ സി.ബി.എസ് (CBS) ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിനായി ഇസ്രായേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കി നിർത്തിയിരുന്നു. വിമാനത്തിലെ പൈലറ്റുകളുമായി ഇസ്രായേൽ വ്യോമസേന ആശയവിനിമയത്തിന് ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. 150 ഇസ്രായേലികൾ ഉൾപ്പെടെ 182 യാത്രക്കാരുമായി പറന്ന വിമാനം തട്ടിയെടുത്ത് യാത്രികരെ ബന്ദികളാക്കിയുള്ള വിലപേശൽ ഒഴിവാക്കാനായിരുന്നു വെടിവെച്ചിടാനുള്ള നീക്കം.

ടെൽ അവീവിലെ ബെൻ ഗുറിയൻ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റായ ഹമാം അൽ ഹമ്മാമി അട്ടിമറിക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പറക്കലിനിടെ കോക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇയാൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി യുകെയിൽ നിന്ന് ഏവിയേഷൻ മാനേജ്‌മെന്റിൽ ബിരുദം നേടിയ ആളാണ്. മുൻപ് ഒമാൻ എയറിൽ ജോലി ചെയ്യവേ തീവ്ര മതചിന്താഗതി വെച്ചുപുലർത്തിയതിനെ തുടർന്ന് പൈലറ്റ് പരിശീലനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ഇയാൾ, എട്ടു മാസം മുൻപാണ് ഫ്ലൈ ദുബായിൽ ചേർന്നത്.

സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ ഇയാളുടെ തീവ്രവാദ ബന്ധങ്ങൾ ശരിവെക്കുന്നതാണ്. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾക്കൊപ്പം അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി, സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീൽ അൽ-ബലാവി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇയാളുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ തീവ്ര ആശയങ്ങളും സ്ത്രീവിരുദ്ധ നിലപാടുകളും വെച്ചുപുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

+ There are no comments

Add yours