ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം എം.പിമാർ നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ. പാർലമെന്റ് വളപ്പിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ആരംഭിച്ച മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞതോടെ ജനപ്രതിനിധികൾ തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ‘സേവ് ഡെമോക്രസി’ (ജനാധിപത്യത്തെ സംരക്ഷിക്കുക) എന്ന ബാനറുമായി നടന്ന പ്രതിഷേധത്തിന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാരിക്കേഡുകൾക്ക് മുകളിൽ കയറി സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത അഖിലേഷ് യാദവ്, ബി.ജെ.പിക്ക് അവരുടെ ഔദ്യോഗിക ഓഫീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് തന്നെ തുറക്കാമെന്ന് പരിഹസിച്ചു. ആർ.എസ്.എസ് യൂണിഫോം ധരിപ്പിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കട്ടൗട്ടുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പോലീസ് ബലപ്രയോഗത്തിലൂടെ എം.പിമാരെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ഇ.ടി. മുഹമ്മദ് ബഷീർ, ഡീൻ കുര്യാക്കോസ് എന്നിവരടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിൻ ആരംഭിക്കും. നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് ബഹുജന മഹാറാലി സംഘടിപ്പിക്കുമെന്നും ഇന്ത്യാ സഖ്യ നേതാക്കൾ അറിയിച്ചു.




+ There are no comments
Add yours