കൊച്ചി: കളമശ്ശേരിയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ യുവതി മാനസികമായി കടുത്ത ആഘാതത്തിലും (ട്രോമ) ഗുരുതരാവസ്ഥയിലുമാണെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. തന്നെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്നും, ക്രൂരമായ രീതിയിലാണ് പ്രതികൾ പെരുമാറിയതെന്നും ഭർത്താവ് പറഞ്ഞു. ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പീഡിപ്പിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടസ്സപ്പെടുത്തി. പൊട്ടിച്ച ബിയർ കുപ്പി കാണിച്ചു കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി അവിടെനിന്ന് രക്ഷപ്പെട്ടത്. പീഡനത്തിന് ഇരയായ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയും ചൂഷണത്തിന് കൂട്ടുനിന്നതായി ഭർത്താവ് ആരോപിച്ചു.
ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒ.എൽ.എക്‌സിൽ (OLX) നൽകിയ സ്പാ മാനേജർ തസ്തികയിലേക്കുള്ള ജോലി പരസ്യം കണ്ടാണ് യുവതി പ്രതികളെ ബന്ധപ്പെടുന്നത്. അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ച് വിളിപ്പിച്ചു വരുത്തിയായിരുന്നു ആക്രമണം. കേസിൽ നിലവിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എണ്ണത്തിൽ നാലിൽ കൂടുതൽ ആളുകൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് ഭർത്താവ് ചൂണ്ടിക്കാണിക്കുന്നത്.
ഇനി പിടിയിലാകാനുള്ള രണ്ടുപേർക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്ക് സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളിൽ ഒരാൾക്ക് നഗരത്തിൽ നാലോളം സ്പാകൾ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെയും മറ്റ് പ്രതികളുടെയും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.




+ There are no comments
Add yours