ഇ.എൻ. സുരേഷ് ബാബുവിനെതിരായ ആരോപണം: ശക്തമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്ന് കെ.കെ. ശൈലജ

Estimated read time 0 min read

പാലക്കാട്: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സി.പി.ഐ.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള അച്ചടക്ക നടപടികൾ പാർട്ടിയിൽ സജീവ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ആരോപണങ്ങളിൽ കൃത്യമായ വസ്തുതകൾ അറിയാതെ പ്രതികരിക്കാനാകില്ലെന്നും സങ്കൽപ്പത്തിന്റെ പേരിൽ ഒന്നും പറയാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ചെറുതും വലുതുമായ തെറ്റുകൾക്കെതിരെ എപ്പോഴും ശക്തമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം എന്നും അവർ ചൂണ്ടിക്കാട്ടി.

പാർട്ടി ഒരു കോടതിയല്ലെന്നും അനുഭവം നേരിട്ടവർ സ്വാഭാവികമായും നിയമപരമായ വഴികൾ തേടുമല്ലോ എന്നും കെ.കെ. ശൈലജ പറഞ്ഞു. വിഷയത്തിൽ പരാതി പോലീസിന് കൈമാറേണ്ടതല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പരാതിക്കാരി തന്നെ അത് ചെയ്യുമല്ലോ എന്നായിരുന്നു മറുപടി. സംഭവിച്ചത് എന്താണെന്ന് പൂർണ്ണമായി മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ല. വിഷയം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ മാത്രമേ തങ്ങൾക്ക് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കൂ.

ശ്രദ്ധയിൽപ്പെടുന്ന ഏത് വിഷയത്തിലും അർഹമായ മറുപടിയും നടപടിയും പാർട്ടി ഉറപ്പാക്കാറുണ്ട്. മുൻകാലങ്ങളിലും ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്നും കാര്യങ്ങൾ വ്യക്തമായ ശേഷം കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

+ There are no comments

Add yours