തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഉയർന്ന ഉദ്യോഗസ്ഥയ്ക്ക് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അടിയന്തര പുനർനിയമനം നൽകിയതായി പരാതി. മുൻ ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. പ്യാരി ടി.ടി.യ്ക്കാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂപ്രണ്ടായി പുനർനിയമനം നൽകിയത്. തമിഴ്‌നാട്ടിലെ വിളവങ്കോട് നിന്നുള്ള കോൺഗ്രസ് എം.എൽ.എ ടി.ടി. പ്രവീണിന്റെ സഹോദരിയാണ് ഡോ. പ്യാരി.
മുൻപ് അനുമതിയില്ലാതെ ദീർഘകാലം അവധിയെടുത്ത് വിദേശത്ത് തങ്ങിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥയാണ് ഡോ. പ്യാരി. 2022-23 കാലഘട്ടത്തിൽ അന്നത്തെ സർക്കാരിന്റെ നയപ്രകാരം ദീർഘകാല അവധിയിലായിരുന്ന 135 ഡോക്ടർമാരെ പിരിച്ചുവിട്ട കൂട്ടത്തിലാണ് ഇവർക്കെതിരെയും നടപടിയുണ്ടായത്.
സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്ഥയെ തിരിച്ചെടുക്കുമ്പോൾ പാലിക്കേണ്ട ബോണ്ട് സമർപ്പണം ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികളും മാനദണ്ഡങ്ങളും പൂർണ്ണമായും ലംഘിച്ചാണ് നിലവിലെ പുനർനിയമനം നടന്നിരിക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സ്വന്തം നാട്ടിലെ തന്നെ പ്രധാനപ്പെട്ട തസ്തികയിൽ ഇത്തരത്തിൽ പുനർനിയമനം നൽകിയതിന് പിന്നിൽ ഭരണതലത്തിലെ രാഷ്ട്രീയ സ്വാധീനമാണെന്നും ആക്ഷേപമുയരുന്നുണ്ട്.




+ There are no comments
Add yours