തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ്, എൻട്രി ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചത് യാത്രക്കാർക്കും ടാക്സി തൊഴിലാളികൾക്കും വിമാനത്താവള ജീവനക്കാർക്കും വലിയ തിരിച്ചടിയാകുന്നു. ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നിരക്ക് വർദ്ധനവിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് നടത്തുന്നത് വൻ പാർക്കിംഗ് കൊള്ളയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു.
പുതുക്കിയ നിരക്കുകൾ താഴെപ്പറയുന്ന വിധത്തിലാണ്:
- ഇരുചക്ര വാഹനങ്ങൾ: ആദ്യ അരമണിക്കൂറിലേക്ക് 50 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം അധികമായി നൽകണം. 24 മണിക്കൂർ പാർക്കിംഗിന് 300 രൂപ ഈടാക്കും.
- ഓട്ടോറിക്ഷകൾ/മുച്ചക്ര വാഹനങ്ങൾ: 8 മിനിറ്റ് വരെയുള്ള പ്രവേശനത്തിന് 50 രൂപ. അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയും, തുടർന്നുള്ള ഓരോ മണിക്കൂറിലും 150, 200, 250 രൂപ നിരക്കിലും നൽകണം. ഒരു ദിവസത്തെ പാർക്കിംഗിന് 500 രൂപയാണ് ഫീസ്.
- നാലുചക്ര വാഹനങ്ങൾ: സ്വകാര്യ വാഹനങ്ങൾക്ക് ആദ്യ 8 മിനിറ്റ് സൌജന്യമാണ്. എന്നാൽ അതിനുശേഷം അരമണിക്കൂറിന് 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയും നൽകണം. തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ അധികമായി നൽകേണ്ടിവരും. ഒരു ദിവസത്തെ (24 മണിക്കൂർ) പാർക്കിംഗ് ഫീസ് 1,000 രൂപയാണ്.
- ബസ്, മിനിബസ്, ട്രക്ക്, ടെമ്പോ: 8 മിനിറ്റ് മുതൽ അരമണിക്കൂർ വരെ 600 രൂപയും, തുടർന്നുള്ള ഓരോ മണിക്കൂറിനും 200 രൂപ വീതവുമാണ് നിരക്ക്. 24 മണിക്കൂർ പാർക്കിംഗിന് 3,000 രൂപ നൽകണം.
ടെർമിനലുകളിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗങ്ങളിലെ സാധാരണക്കാരായ തൊഴിലാളികൾക്കും താങ്ങാനാവാത്ത തുകയാണ് പുതിയ നിരക്കിലൂടെ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ടാക്സി വാഹനങ്ങളുടെ എൻട്രി ഫീസ് വർദ്ധനവ് പിൻവലിക്കുക, തൊഴിലാളികളുടെ പാർക്കിംഗ് ഫീസ് ഒഴിവാക്കുക, സൗജന്യ പ്രവേശന സമയപരിധി 15 മിനിറ്റായി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. എന്നാൽ, അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും നിരക്കുകൾ ഏകീകരിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും മാറ്റം വരുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.




+ There are no comments
Add yours