കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

Estimated read time 1 min read

കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തുർക്കി ചരക്കുകപ്പൽ തകർന്നു. അപകടത്തിൽ കപ്പലിലെ ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. തുർക്കിയുടെ ‘റോയാദ് മമ്മദോവ്’ എന്ന ചരക്കുകപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ച കപ്പൽ റൊമാനിയൻ തീരത്തിന് സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 11 ജീവനക്കാരെ റൊമാനിയൻ നാവികസേന രക്ഷപ്പെടുത്തി. യുക്രെയ്ൻ തുറമുഖത്തുനിന്ന് ഇറ്റലിയിലേക്ക് ചോളവുമായി പോകുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി കടുത്ത ഭാഷയിൽ അപലപിച്ചു. കരിങ്കടലിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഘർഷം അയവുവരുത്തുന്നതിനുമായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കപ്പൽ ആക്രമണത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്കും കരിങ്കടലിലെ കപ്പലുകൾക്കും നേരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ മറ്റൊരു എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ (UKMTO) വ്യക്തമാക്കി. കരിങ്കടലിലും അനുബന്ധ കടൽപ്പാതകളിലും സംഘർഷം രൂക്ഷമാകുന്നത് ആഗോള ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ട്.

+ There are no comments

Add yours