ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.ഐ.എം നേതൃത്വത്തിൽ സമ്മർദ്ദം; രൂക്ഷ വിമർശനവുമായി കോൺഗ്രസും ബി.ജെ.പിയും

Estimated read time 0 min read

പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പ്രാഥമിക അംഗത്വം റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത അച്ചടക്ക നടപടികൾക്ക് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് നീക്കം. വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.

സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി പോലീസിന് കൈമാറാൻ കോൺഗ്രസ് സി.പി.ഐ.എമ്മിനെ വെല്ലുവിളിച്ചു. പാർട്ടി ഓഫീസുകൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ നേതാക്കൾ ഉപയോഗിക്കുകയാണെന്നും പരാതി പൂഴ്ത്തിവെക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.

പി.കെ. ശശിയുടെ ആരോപണങ്ങൾ ഉയർന്നപ്പോഴും പാർട്ടിയിൽ പ്രാദേശിക ഭിന്നതകൾ ഉണ്ടായപ്പോഴും സുരേഷ് ബാബുവിനെ സംരക്ഷിച്ച നേതൃത്വം, ഇപ്പോൾ കൈവിടാൻ കാരണം വനിതാ അഭിഭാഷകയുടെ പരാതിയാണെന്നാണ് വിവരങ്ങൾ. തൊഴിൽ വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയോടും ഇദ്ദേഹം മോശമായി പെരുമാറിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, പാർട്ടി ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും തിരിച്ചടിയായി. അതേസമയം, സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കേണ്ടി വന്നാൽ അതിന്റെ കൃത്യമായ കാരണം പൊതുമധ്യത്തിൽ വിശദീകരിക്കേണ്ടിവരുമെന്ന പ്രതിസന്ധിയിലാണ് പാർട്ടി നേതൃത്വം.

+ There are no comments

Add yours