മെസി തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ അന്തിമതീരുമാനം ഉടൻ; ഇ.ഡി അന്വേഷണത്തിനും വഴിയൊരുങ്ങുന്നു

Estimated read time 1 min read

കൊച്ചി: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനം ഉടൻ പുറത്തുവന്നേക്കും. അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ശുപാർശ സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിക്കെതിരെയും കേസെടുക്കാൻ റിപ്പോർട്ടിൽ ശിപാർശയുണ്ട്.

കേസുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്.ഐ.ടി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ അന്വേഷണസംഘം മലപ്പുറത്തെത്തി മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയതിൽ കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടലുകൾ, ഇടനിലക്കാരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം, കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉടൻ കേസെടുത്തേക്കും. എസ്.ഐ.ടിയുടെ എഫ്.ഐ.ആർ വിശദാംശങ്ങൾ പരിശോധിച്ച ഇ.ഡിയുടെ റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് കേസെടുക്കാൻ അനുമതി നൽകി. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിദേശനാണ്യ നിയന്ത്രണ നിയമം (FEMA) ലംഘിച്ചതിന് ഇ.ഡി മുൻപ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

+ There are no comments

Add yours