തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ ഉലച്ച വ്യാജ ഒപ്പ് വിവാദത്തിൽ ഉറച്ചുനിന്ന് എൽ.ഡി.എഫ്. കാപ്പാ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ രജിസ്റ്ററിൽ വ്യാജമായി ഒപ്പിട്ടെന്ന ആരോപണത്തിലാണ് സി.പി.ഐ.എം പാർട്ട്ലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ഉറച്ചുനിൽക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ അറ്റൻഡൻസ് രജിസ്റ്ററിന്റെ പകർപ്പ് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
തുടർച്ചയായി ആറ് മാസം കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ ചട്ടപ്രകാരം കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. ഇത് ഒഴിവാക്കാനും സുഗതനെ സംരക്ഷിക്കാനുമായി മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കൗൺസിൽ രജിസ്റ്ററിൽ ക്രമക്കേട് നടത്തുകയായിരുന്നുവെന്നാണ് എൽ.ഡി.എഫ് ആരോപണം. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും, ഫെബ്രുവരി മുതൽ സുഗതൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും എസ്.പി. ദീപക് പറഞ്ഞു. സംഭവത്തിൽ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ എൽ.ഡി.എഫിന്റെ ആരോപണങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണെന്നാണ് ബി.ജെ.പി ഭരണസമിതിയുടെ നിലപാട്. അതേസമയം, എൽ.ഡി.എഫ് ഉന്നയിച്ച പരാതി കടുത്ത നിയമലംഘനമാണെന്നും വിഷയത്തിൽ ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി. സംഭവത്തിൽ എൽ.ഡി.എഫ് നൽകിയ പരാതിയിൽ കന്റോൺമെന്റ് എ.സി.പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




+ There are no comments
Add yours