ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ കടുത്ത ഭിന്നത; സർക്കാരിൽ അതൃപ്തി അറിയിച്ച് കെ. മുരളീധരൻ

Estimated read time 1 min read

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തേക്ക്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തി മന്ത്രി, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് മന്ത്രിയുടെ പ്രധാന ആവശ്യം. നയപരമായ പല വിഷയങ്ങളിലും തീരുമാനമെടുക്കാൻ വൈകുന്നുവെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കെ.എം.എസ്.സി.എൽ (KMSCL) ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിലാണ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയതെന്നാണ് കെ. മുരളീധരന്റെ പ്രധാന ആരോപണം. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 35-ലധികം ആരോഗ്യവകുപ്പ് ഇടപാടുകളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഭരണകൂടത്തിന് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

നയപരമായ കാര്യങ്ങളിൽ സർക്കാർ വ്യക്തമായ തീരുമാനമെടുത്തിട്ടും തുടർന്നുള്ള ഫയൽ നീക്കങ്ങളിൽ കാലതാമസം നേരിടുന്നു. സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായിട്ടും പുതിയ മരുന്ന് സംഭരണത്തിനായുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി തയ്യാറായില്ലെന്നതും ഭിന്നത രൂക്ഷമാക്കി. ഈ വിഷയത്തിലാണ് ഇരുവരും തമ്മിലുള്ള തർക്കം ഒടുവിൽ ഭരണതലത്തിൽ വലിയ പ്രതിസന്ധിയായി മാറിയത്.

+ There are no comments

Add yours