തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) കൂട്ടപ്പിരിച്ചുവിടലിന് വഴിതുറന്ന് ആരോഗ്യവകുപ്പിന്റെ നിർണ്ണായക ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കരാർ ജീവനക്കാരെ പിരിച്ചുവിടാനും, 2026 ജൂണിന് മുൻപ് തയാറാക്കിയ മുഴുവൻ ഇന്റർവ്യൂ റാങ്ക് ലിസ്റ്റുകളും റദ്ദാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ.എച്ച്.എം ഡയറക്ടർക്ക് അയച്ച ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. തീരുമാനത്തോടെ ആയിരക്കണക്കിന് കരാർ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയേറുന്നത്.
എൻ.എച്ച്.എം ജീവനക്കാരുടെ കരാർ കാലാവധി മുൻപ് മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് പുനർനിയമനം വേണ്ടെന്ന വെക്കുന്ന നിലപാടിലേക്ക് സർക്കാർ കടന്നത്. സ്ഥാപനങ്ങളിലെ നിലവിലെ ആവശ്യകതയും ജോലിഭാരവും കൃത്യമായി തിട്ടപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനാണ് എൻ.എച്ച്.എം ഡയറക്ടർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കഴിവും പ്രാപ്തിയുമുള്ള പുതിയ ഉദ്യോഗാർത്ഥികളെ സർവീസിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ പെട്ടെന്നുള്ള ഈ തീരുമാനം ആരോഗ്യമേഖലയിലെ കരാർ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.




+ There are no comments
Add yours