തായ്‌മാമൻ തങ്ക മോതിരം’ വൈകി; തഞ്ചാവൂരിൽ നഴ്സിനും കുടുംബത്തിനും നേരെ പിക്കാസ് ഉപയോഗിച്ച് ആക്രമണം

Estimated read time 1 min read

തഞ്ചാവൂർ: തമിഴ്‌നാട് സർക്കാരിന്റെ ‘തായ്‌മാമൻ തങ്ക മോതിരം’ പദ്ധതി പ്രകാരമുള്ള സ്വർണ്ണമോതിരം വിതരണം ചെയ്യാൻ വൈകിയതിനെ തുടർന്ന് നഴ്സിനും കുടുംബത്തിനും നേരെ ആക്രമണം. തഞ്ചാവൂർ ജില്ലയിലെ മുളൈയൂർ സമത്വപുരം ആരോഗ്യ കേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത് നഴ്സ് അലമേലു (35), ഇവരുടെ സഹോദരൻ സുമൻ, അമ്മായി സുജാത എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ പ്രദേശവാസിയായ മദൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം വീതമുള്ള സ്വർണ്ണ മോതിരം നൽകുന്നതാണ് പദ്ധതി. സെപ്റ്റംബർ 16-ന് കുഞ്ഞ് ജനിച്ച മദൻ-വനിത ദമ്പതികളോട് നഴ്സ് അലമേലു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. തുടർന്ന്, കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ഉപയോഗിക്കാൻ മോതിരം നൽകണമെന്ന് മദൻ ആവശ്യപ്പെട്ടു. എന്നാൽ ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള മുൻഗണനാക്രമത്തിലാണ് മോതിരം വിതരണം ചെയ്യുന്നതെന്ന് അലമേലു വ്യക്തമാക്കി.

ഇതിൽ പ്രകോപിതനായ മദൻ, മദ്യലഹരിയിലെത്തി നഴ്സിനെയും കുടുംബത്തെയും അസഭ്യം പറയുകയും പിക്കാസ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ സുജാതയ്ക്ക് തലയ്ക്കും സുമന് കൈക്കും പരിക്കേറ്റു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ നഴ്സ് അലമേലു അടക്കം മൂവരും ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.

+ There are no comments

Add yours