തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 67-കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പ്രസ്താവിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
2024 ജൂൺ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയായ കുട്ടിയുടെ അമ്മയുടെ സഹോദരീഭർത്താവാണ് പ്രതി. ഇരു കുടുംബങ്ങളും ഒരേ കെട്ടിടത്തിലെ രണ്ട് നിലകളിലാണ് താമസം. അതിജീവിതയുടെ അമ്മയുടെ പിതാവിന് ഭക്ഷണവും മരുന്നും നൽകാൻ എത്തിയ പ്രതി, സ്കൂളിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരം സഹപാഠിയെ അറിയിച്ചു. കൂട്ടുകാരിയുടെ നിർദേശപ്രകാരം തുടർന്ന് അമ്മയോടും അധ്യാപകരോടും വിവരം പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) പോലീസും ഇടപെട്ടാണ് കേസ് എടുത്തത്.
നേരത്തെയും പ്രതി പലതവണ പീഡിപ്പിച്ചിരുന്നെങ്കിലും കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കുട്ടി വിവരം മറച്ചുവെക്കുകയായിരുന്നു. കുട്ടി ദത്തെടുക്കപ്പെട്ടതാണെന്ന കാരണം ചൂണ്ടിക്കാട്ടി, പ്രായപൂർത്തിയായ ശേഷമാണ് കേസെടുത്തതെന്നും പോക്സോ നിയമം നിലനിൽക്കില്ലെന്നും വിചാരണവേളയിൽ പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ അപേക്ഷപ്രകാരം കോടതി ഉത്തരവിട്ട വൈദ്യപരിശോധനയിലൂടെ കുട്ടിക്ക് സംഭവസമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി തെളിഞ്ഞു. പ്രോസിക്യൂഷന്റെ വാദങ്ങൾ ശരിവെച്ചാണ് കോടതി ശിക്ഷ വിധിച്ചത്.




+ There are no comments
Add yours