തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും എസ്.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദനെയാണ് കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപാൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണി സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ സംഘർഷത്തിനിടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയത് മുതൽ കന്റോൺമെന്റ് സി.ഐയും എസ്.ഐയും വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐയുടെ ഫോൺ ഭീഷണിയും പുറത്തുവന്നത്. സംഭവത്തിൽ സി.ഐയുടെ ‘പേടിച്ചുപോയെന്ന് പറഞ്ഞേക്ക്’ എന്ന ഫേസ്ബുക്ക് കുറിപ്പും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സി.ഐയുടെയും എസ്.ഐയുടെയും വീടുകളിലേക്ക് എസ്.എഫ്.ഐ മാർച്ച് സംഘടിപ്പിച്ചപ്പോൾ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പോലീസ് വീണ്ടും പരിശോധന നടത്തുകയും ചെയ്തിരുന്നു.




+ There are no comments
Add yours