എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

Estimated read time 1 min read

തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തും. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. കേരള സർവകലാശാല ആസ്ഥാന മന്ദിരം ഉൾപ്പെടുന്ന ഭൂമി അളക്കുന്നതിനൊപ്പമാണ് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമിയും അളക്കുക. എന്നാൽ, സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ വിശദീകരണം.

നാളെ രാവിലെ 10 മണിയോടെയാണ് കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾ ആരംഭിക്കുക. രണ്ട് സർവേ നമ്പറുകളിലായി എ.കെ.ജി കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമിയാണ് സർവേ സംഘം പരിശോധിക്കുക. 1977-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സർവകലാശാലയുടെ കൈവശമുണ്ടായിരുന്ന ഭൂമി അനുവദിച്ചു നൽകിയത്. എന്നാൽ അന്ന് അനുവദിച്ച ഭൂമിയുടെ വിസ്തൃതി എത്രയാണെന്നതിൽ വ്യക്തതയില്ലെന്നും, ഇത് സംബന്ധിച്ച ഉത്തരവ് റവന്യൂ രേഖകളിൽ ലഭ്യമല്ലെന്നുമാണ് ലഭിക്കുന്ന വിവരം. ആദ്യം നൽകിയ ഭൂമിക്ക് പുറമേ 15 സെന്റ് കൂടി സർവകലാശാലയിൽ നിന്ന് എ.കെ.ജി കേന്ദ്രത്തിന് പിന്നീട് ലഭിച്ചിരുന്നു.

നിലവിൽ റീസർവേ രേഖകൾ പ്രകാരം 55 സെന്റ് ഭൂമി എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുണ്ടെന്നാണ് പ്രധാന പരാതി. സർവകലാശാലയുടെ അതിർത്തിയിലുള്ള മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സിൻഡിക്കേറ്റിലെ കോൺഗ്രസ് പ്രതിനിധിയായ ആർ.എസ്. ശശികുമാർ ഉന്നയിച്ച നിയമപോരാട്ടവും ഇതിന് വഴിയൊരുക്കി. അളവെടുപ്പിൽ അധികഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയാൽ അത് തിരിച്ചുപിടിക്കാനാണ് സർവകലാശാലയുടെ നീക്കം. മുൻപ് സി.പി.ഐ.എം സംസ്ഥാന സമിതി ഓഫീസ് കൂടി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിൽ നിലവിൽ പഠന ഗവേഷണ കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്.

+ There are no comments

Add yours