സംസ്ഥാന സ്‌കൂൾ കായികമേളയിലെ അപകടം: ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്

Estimated read time 1 min read

തൃശൂർ: സംസ്ഥാന സ്‌‌കൂൾ കായികമേളയ്ക്കിടെ പന്തൽ തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്‌സ് സന്ദർശിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സംഭവം ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ചെറിയ മത്സരങ്ങൾ നടക്കുന്നയിടങ്ങളിൽ സാധാരണഗതിയിൽ വലിയ രീതിയിലുള്ള സംഘാടനമുണ്ടാകാറില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഡി.ഡി.ഇ (DDE) വിളിച്ചുചേർത്ത യോഗത്തിൽ വിവിധ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് കമ്മിറ്റികളുടെ ചുമതലയേറ്റെടുത്തത്. സ്‌‌പോർട്‌സ് കോഓർഡിനേറ്റർമാരായ അധ്യാപകർ അടങ്ങിയ ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റിക്കായിരുന്നു പന്തൽ നിർമ്മാണത്തിന്റെ ചുമതല. സുരക്ഷിതമായ പന്തലൊരുക്കുന്നതിൽ ഇവർ വരുത്തിയ വീഴ്ചയാണ് അപകടത്തിന് വഴിവെച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, തൃശൂരിൽ വെറും നാല് ഇനങ്ങൾ മാത്രമാണ് നടന്നതെന്നും അതിനാൽ പ്രത്യേക സംഘാടകസമിതിയുടെ ആവശ്യമില്ലായിരുന്നുവെന്നുമുള്ള വിചിത്രമായ വാദവും മന്ത്രി ഉയർത്തി. വിഷയത്തിൽ ജനപ്രതിനിധികളെ ഉദ്യോഗസ്ഥർ വിവരമറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മത്സരങ്ങളെക്കുറിച്ചും ഗ്രൗണ്ട് ആവശ്യങ്ങളെക്കുറിച്ചും മന്ത്രിയുടെ ഓഫീസിന് പൂർണ്ണ വിവരമുണ്ടായിരുന്നുവെന്നും കോഴിക്കോട് നടന്ന വിപുലമായ യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നുവെന്നും വ്യക്തമായിട്ടും, ഉത്തരവാദിത്തം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

+ There are no comments

Add yours