തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്ന കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു. അവധി റദ്ദാക്കിയാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റെടുത്തത്. സതീഷ് കുമാർ അവധിയിലായിരുന്ന സമയത്ത് നാർക്കോട്ടിക് സെൽ സി.ഐയ്ക്കായിരുന്നു കന്റോൺമെന്റ് സ്റ്റേഷന്റെ പകരം ചുമതല നൽകിയിരുന്നത്. എന്നാൽ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് സി.ഐ തിടുക്കത്തിൽ തിരികെയെത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സി.ഐ സതീഷിനെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ മുൻപ് പരാതി നൽകിയിരുന്നു.
ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ ഉണ്ടായ തർക്കങ്ങളിൽ സി.ഐ സതീഷ് കുമാറിനെ നേരിട്ട് വിളിപ്പിച്ചു വരുത്തി സിറ്റി പോലീസ് കമ്മീഷണർ താക്കീത് ചെയ്തിരുന്നു. എസ്.എഫ്.ഐക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിട്ടതിലടക്കം കമ്മീഷണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കമ്മീഷണറുടെ താക്കീതിന് പിന്നാലെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച ശേഷമാണ് സി.ഐ അവധിയിൽ പ്രവേശിച്ചിരുന്നത്.




+ There are no comments
Add yours