ന്യൂഡൽഹി: മുന്നണിയിലെ അതൃപ്തി വ്യക്തമാക്കി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ നേരിൽകണ്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതി നൽകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡൽഹിയിലെ ഇന്ദിരാഭവനിലെത്തിയാണ് അദ്ദേഹം എ.ഐ.സി.സി അധ്യക്ഷനെയും ദീപാദാസ് മുൻഷിയെയും കണ്ടത്. നാളെ അദ്ദേഹം രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.
യു.ഡി.എഫിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന കടുത്ത അമർഷമാണ് അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചത്. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനാക്കിയതും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കിയതും മുന്നണിയിൽ ചർച്ച ചെയ്യാതെയാണ്. യു.ഡി.എഫ് കൺവീനറായ താൻ പല പ്രധാനപ്പെട്ട സർക്കാർ തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതിനിടെ, ഡൽഹിയിലെ അടൂർ പ്രകാശിന്റെ വസതിയിലെത്തി മന്ത്രി അനൂപ് ജേക്കബ് കൂടിക്കാഴ്ച നടത്തിയെങ്കിലും ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്ന് വിശദീകരിച്ചു.
അതിനിടെ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ദിരാഭവനിലെത്തി എ.ഐ.സി.സി നേതൃത്വത്തെ കണ്ടു. ആർക്കെതിരെയും പരാതി പറയാനല്ല താൻ ഡൽഹിയിലെത്തിയതെന്നും, അടൂർ പ്രകാശിന്റെ പരാതി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന അഭിപ്രായം തനിക്കില്ല. മുന്നണിയിലെ പരസ്യപ്രതികരണങ്ങൾ ദോഷം ചെയ്യുമെന്ന കാര്യം എ.ഐ.സി.സിക്ക് കൃത്യമായി ബോധ്യമുണ്ടെന്നും, പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെ.സി. വേണുഗോപാൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours