പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു

Estimated read time 1 min read

കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത രൂക്ഷമായ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ ഉറപ്പുനൽകിയതോടെയാണ് കടശേരി പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച നാട്ടുകാർ സമരം പിൻവലിച്ചത്. പ്രദേശത്തിറങ്ങിയ ഭീതി വിതയ്ക്കുന്ന കാട്ടാനയെ ഉടൻ മാറ്റണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ജനവാസ മേഖലയിലുള്ള ആനയെ കണ്ടെത്തുന്നതിനായി നാളെ മുതൽ ഡ്രോൺ പരിശോധന നടത്തും. നിലവിൽ വനംവകുപ്പിന്റെ രണ്ട് റ Rapid Response Team (RRT) സംഘങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കാട്ടാനയെ മയക്കുവെടി വെച്ചോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉറപ്പുനൽകി.

അതേസമയം, കൊല്ലപ്പെട്ട രാജമ്മയുടെ കുടുംബത്തിന് ആകെ 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.എൽ.എ ജ്യോതികുമാർ ചാമക്കാല അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കൈമാറും. കൂടാതെ കുടുംബത്തിലെ ഒരംഗത്തിന് ജോലി നൽകണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഒൻപത് മണിയോടെ തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടെയാണ് കടശ്ശേരി സ്വദേശിനി രാജമ്മയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്.

+ There are no comments

Add yours