ബ്യൂണസ് ഐറിസ്: അർജന്റീന ദേശീയ ടീമിലെ തന്റെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കാൻ ലയണൽ മെസി പരിശീലന ക്യാമ്പിലെത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനാണ് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. 2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസി, സ്വന്തം നാട്ടിൽ ആരാധകർക്ക് മുന്നിൽ നടക്കുന്ന ഈ മത്സരത്തോടെയാണ് നീലയും വെള്ളയും ജേഴ്സിയോട് വിടപറയുന്നത്.
മത്സരത്തിന് മുന്നോടിയായി ടീം ക്യാമ്പിലെത്തിയ മെസിയുടെ ചിത്രങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഔദ്യോഗികമായി പുറത്തുവിട്ടു. “തിരികെ സ്വാഗതം, ക്യാപ്റ്റൻ! ഈ നിമിഷം ശരിക്കും ഹൃദയസ്പർശിയാണ്” എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ മെസിയെ നേരിട്ടെത്തി ക്യാമ്പിലേക്ക് സ്വീകരിച്ചു.
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30-നാണ് ലോകം കാത്തിരിക്കുന്ന വിടവാങ്ങൽ മത്സരം നടക്കുന്നത്. ബെനിനെതിരെ കളത്തിലിറങ്ങുമ്പോൾ അർജന്റീന ഫുട്ബോളിന് നൽകിയ സംഭാവനകളെ മുൻനിർത്തി സ്വർണ്ണ നിറത്തിൽ പേരെഴുതിയ പ്രത്യേക ജേഴ്സിയാകും മെസി അണിയുക. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31-നായിരുന്നു മെസി വിരമിക്കൽ തീരുമാനം അറിയിച്ചിരുന്നത്. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ബെനിനെതിരെയുള്ള സൗഹൃദ മത്സരം അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചത്.




+ There are no comments
Add yours