മെസി തട്ടിപ്പ് കേസ്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിന് കൈമാറി

Estimated read time 1 min read

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഡി.ജി.പി സർക്കാരിനോട് ശുപാർശ ചെയ്തു. നിലവിലെ വിജിലൻസ് തരം അന്വേഷണം തുടരുന്നത് ഉചിതമായിരിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരുന്ന മന്ത്രിസഭാ യോഗം റിപ്പോർട്ട് ചർച്ച ചെയ്ത് തുടർന്നുള്ള നിയമനടപടികളിൽ അന്തിമ തീരുമാനമെടുക്കും.

കേസുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്.ഐ.ടി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ അന്വേഷണസംഘം മലപ്പുറത്തെത്തി മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ടെൻഡർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയതിൽ കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടലുകൾ, ഇടനിലക്കാരുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ.

അർജന്റീന ടീമിനെ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ വിദേശയാത്രകൾ, ചർച്ചകൾ, ചട്ടങ്ങൾ ലംഘിച്ചുള്ള കരാർ നടപടികൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിയെയും ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് എസ്.ഐ.ടി.

+ There are no comments

Add yours