സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കാറ്റിനും ഇടിമിന്നലിനും ജാഗ്രതാ നിർദ്ദേശം

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.

ഈ മാസം ആറ് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സമീപദിവസങ്ങളിൽ ഇടിമിന്നലേറ്റുള്ള അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

  • സുരക്ഷിതസ്ഥാനം: ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. വാതിലുകൾക്കും ജനലുകൾക്കും അടുത്ത് നിൽക്കരുത്.
  • വൈദ്യുതോപകരണങ്ങൾ: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഫോൺ പ്ലഗിൽ കുത്തിയിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • തുറസായ സ്ഥലങ്ങൾ: മഴക്കാറുള്ളപ്പോൾ ടെറസിലോ തുറസായ സ്ഥലങ്ങളിലോ നിലയുറപ്പിക്കുന്നതും കുട്ടികൾ കളിക്കുന്നതും ഒഴിവാക്കുക. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല.
  • യാത്രകൾ: ബൈക്ക്, സൈക്കിൾ യാത്രക്കാർ ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക. അടച്ചൂട്ടിയ കാറുകളിലും മറ്റും യാത്ര ചെയ്യുന്നവർ വാഹനത്തിനുള്ളിൽ തന്നെ തുടരുക.
  • ജലാശയങ്ങൾ: മീൻപിടുത്തം, കുളി, ബോട്ടിംഗ് എന്നിവ പൂർണ്ണമായും നിർത്തിവെക്കുക. വളർത്തുമൃഗങ്ങളെ കെട്ടാൻ ഈ സമയത്ത് പുറത്തിറങ്ങരുത്.
  • പ്രഥമശുശ്രൂഷ: മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ ആദ്യ 30 സെക്കൻഡിനുള്ളിൽ തന്നെ പ്രഥമശുശ്രൂഷ നൽകി ഉടനടി വൈദ്യസഹായം ലഭ്യമാക്കുക.

+ There are no comments

Add yours