കടുത്ത അച്ചടക്കനടപടി വേണമെന്ന് ആവശ്യം; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത

Estimated read time 0 min read

പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്കനടപടികൾക്ക് സാധ്യത. പാർട്ടിയിലെ ഉയർന്ന സമിതികളിൽ നിന്ന് സുരേഷ് ബാബുവിനെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി എന്നിവയിൽ അദ്ദേഹം അംഗമായി തുടരുന്നുണ്ട്. മുൻപ് മോശമായി പെരുമാറിയെന്ന വനിതാ അഭിഭാഷകയുടെ പരാതി ഉൾപ്പെടെ സുരേഷ് ബാബുവിനെതിരായ മറ്റ് ആരോപണങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്.

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.ഐ.എം സംസ്ഥാന നേതൃത്വം നടപ്പാക്കിയ ആദ്യ തിരുത്തൽ നടപടിയാണ് പാലക്കാട്ടേത്. മോശമായി പെരുമാറിയെന്ന പരാതിക്ക് പുറമെ പാർട്ടി സംഘടനാ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് അഞ്ച് വർഷമായി പാർട്ടി അമരത്തിരുന്ന സുരേഷ് ബാബുവിനെ മാറ്റിയത്. പകരം വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ താൻ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് സുരേഷ് ബാബുവിന്റെ അവകാശവാദം.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനം മുൻപേ ശക്തമായിരുന്നു. മുൻ എം.എൽ.എ പി.കെ. ശശിയടക്കമുള്ള മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും സുരേഷ് ബാബുവിനെതിരെ മുൻപ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മുൻ മന്ത്രി എം.ബി. രാജേഷ് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയതോടെ പാലക്കാട്ടെ സംഘടനാ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

+ There are no comments

Add yours