‘ആരും ഭരണഘടനയ്ക്ക് മുകളിലല്ല, വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല’: രൂക്ഷവിമർശനവുമായി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

Estimated read time 1 min read

ഹൈദരാബാദ്: രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികൾ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇന്ത്യൻ ഭരണഘടനയിൽ വോട്ടവകാശമുള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ട് തരം പൗരന്മാരെ വിഭാവനം ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ നൽസാർ (NALSAR) ലോ യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും വോട്ടവകാശത്തെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ ആണിക്കല്ല് വോട്ടവകാശമാണ്. ജനങ്ങളെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പുറത്താക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14, 326 എന്നിവയുടെ നഗ്നമായ ലംഘനവും ഭരണഘടനാ ക്രമത്തിന് വിരുദ്ധവുമാണ്,” ജസ്റ്റിസ് ഭുയാൻ ചൂണ്ടിക്കാട്ടി.

1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും, ബന്ധപ്പെട്ട വ്യക്തിക്ക് കൃത്യമായ വിശദീകരണം നൽകാനുള്ള അവസരം നിർബന്ധമായും നൽകേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തികളുടെ കാര്യത്തിലൊഴികെ, മറുപടി പറയാൻ അവസരം നൽകാതെ വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടുന്നത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ (SIR) നടപടികളെച്ചൊല്ലി രാജ്യത്ത് വലിയ രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ജഡ്ജിയുടെ ഈ നിർണ്ണായക പരാമർശങ്ങൾ.

+ There are no comments

Add yours