സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ല; ആരോപണങ്ങൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രമെന്ന് മന്ത്രി കെ. മുരളീധരൻ

Estimated read time 1 min read

കൊച്ചി: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ പ്രചാരണങ്ങൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രങ്ങളാണെന്നും ഇത്തരം തന്ത്രങ്ങളിൽ സർക്കാർ വീഴില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ഐ.എം.എ (IMA) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണനിലവാരമില്ലാത്ത ചില മരുന്ന് കമ്പനികളെ സർക്കാർ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും, സർക്കാർ ആശുപത്രികൾ മോശമാണെന്ന വിധത്തിലുള്ള തെറ്റായ പ്രചാരണങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അന്താരാഷ്ട്ര യുദ്ധസാഹചര്യങ്ങൾ കാരണം ചില മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, അവ പ്രാദേശികമായി വാങ്ങി വിതരണം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓർഡർ ചെയ്ത മരുന്നുകൾ ഉടൻ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചില സ്വകാര്യ ആശുപത്രികൾ, പ്രത്യേകിച്ച് വിദേശ നിക്ഷേപമുള്ള വൻകിട സ്ഥാപനങ്ങൾ, രോഗികളിൽ നിന്ന് അമിത റൂം വാടകയും മരുന്ന് വിലയും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അമിത ചൂഷണം തടയാൻ സർക്കാർ ശക്തമായി ഇടപെടും. ആശുപത്രികളുടെ സ്വയംഭരണ സ്വാതന്ത്ര്യം ഹനിക്കാനല്ല, മറിച്ച് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇതിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമേഖലയെ കേവലം ബിസിനസ് മാത്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി.

+ There are no comments

Add yours