യുദ്ധത്തിന് സൈനികപരമായ പരിഹാരം സാധ്യമല്ലെന്നും ചർച്ചകൾ മാത്രമാണ് ഏക മാർഗമെന്നും ഇറാൻ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതികരണം മുൻപത്തേക്കാൾ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ ചർച്ചകൾക്ക് മാത്രമേ നിലവിലെ സംഘർഷങ്ങൾക്ക് വിരാമമിടാൻ കഴിയൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ കൂടുതൽ ശക്തിയോടെ പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാർ വഴി അമേരിക്ക നൽകിയ മറുപടി പരിശോധിച്ചു വരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി അറിയിച്ചു. എന്നാൽ ആണവ വിഷയത്തിൽ മുൻപ് മുന്നോട്ടുവെച്ച പഴയ നിർദ്ദേശങ്ങളുടെ തുടർച്ച തന്നെയാണ് പുതിയ സന്ദേശത്തിലുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, യെമനിലെ മോച്ചയ്ക്ക് സമീപം ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി യു.കെ.എം.ടി.ഒ (UKMTO) അറിയിച്ചു. സംഭവത്തിൽ ആളപായമോ പാരിസ്ഥിതിക ആഘാതമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാൻ പിന്തുണയുള്ള ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്ക B-1 ബോംബർ വിമാനങ്ങൾ അടിയന്തരമായി പിൻവലിച്ചു. തെക്കൻ ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് താവളത്തിൽ നിന്ന് സംശയകര സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.




+ There are no comments
Add yours