തിരുവനന്തപുരം: ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി (KSTP) പദ്ധതിയിലെ അഴിമതിയും വിദേശ എഞ്ചിനീയറുടെ ആത്മഹത്യയും സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ ഇന്ന് തീരുമാനിച്ചേക്കുമെന്നാണ് വിവരം. എസ്.ഐ.ആർ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ട് പതിറ്റാണ്ട് മുൻപത്തെ സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതി തുടർന്നുള്ള നടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയായിരുന്നു. കെ.എസ്.ടി.പി പദ്ധതിയിലെ ക്രമക്കേടുകൾ, ഉദ്യോഗസ്ഥതല ഇടപെടലുകൾ, മലേഷ്യൻ നിർമാണ കമ്പനിയിലെ എഞ്ചിനീയറായിരുന്ന ലീ സീ ബീനിന്റെ ആത്മഹത്യ എന്നിവയിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയെന്ന നിലയിൽ ഗ്യാനേഷ് കുമാറിനുള്ള പങ്ക് എന്നിവയാകും വിജിലൻസ് പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടൽ കാരണം കമ്പനിക്ക് ലഭിക്കേണ്ട 13 കോടിയോളം രൂപ തടഞ്ഞുവെച്ചെന്നും, ഇതേത്തുടർന്നാണ് സാമ്പത്തിക പ്രതിസന്ധിയിലായ ലീ സീ ബീൻ ആത്മഹത്യ ചെയ്തതെന്നുമാണ് പ്രധാന ആരോപണം.
സംഭവത്തിൽ അന്ന് പ്രാഥമിക പരിശോധനകൾ നടന്നിരുന്നെങ്കിലും കേസ് കാര്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ മുൻ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പഴയ കേസ് ഫയലുകളുടെ വിശദാംശങ്ങൾ വിജിലൻസ് വീണ്ടും ശേഖരിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ മുൻപും കേരളത്തിൽ വിജിലൻസ് പരിശോധനകൾ നടന്നിട്ടുണ്ടെന്നും, പുതിയ അന്വേഷണത്തിലൂടെ അദ്ദേഹത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നും പരാതിക്കാരനും കെ.പി.സി.സി നിർവാഹസമിതി അംഗവുമായ മലയൻകീഴ് വേണുഗോപാൽ പ്രതികരിച്ചു.




+ There are no comments
Add yours