തിരുവനന്തപുരം: കേരളത്തിൽ ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കായിക കൗൺസിൽ മുൻ പ്രസിഡന്റും മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരവുമായ യു. ഷറഫലിയെക്കൂടി പ്രതി ചേർത്തേക്കും. കരാറിൽ ഷറഫലി ഒപ്പുവെച്ചത് തട്ടിപ്പിന്റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. അർജന്റീന ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ കേവലം സാക്ഷിയായി മാത്രമാണ് താൻ ഒപ്പിട്ടതെന്നായിരുന്നു ഷറഫലിയുടെ അവകാശവാദം. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് ഡി.ജി.പി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഇതിനുശേഷമായിരിക്കും തുടർന്നുള്ള നിയമനടപടികൾ.
കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഷറഫലിക്കെതിരെയും അന്വേഷണം ശക്തമാകുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, സ്പോൺസർക്ക് വഴിവിട്ട ലാഭമുണ്ടാക്കാൻ സഹായിച്ചു എന്നീ കണ്ടെത്തലുകളെ തുടർന്ന് മുൻ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ എസ്.ഐ.ടി ശുപാർശ ചെയ്തിരുന്നു. ചട്ടങ്ങൾ ലംഘിച്ചുള്ള സ്പോൺസർഷിപ്പ്, ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ തിരഞ്ഞെടുത്തത്, വിദേശയാത്രകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.




+ There are no comments
Add yours