പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, ഇറാൻ മുന്നോട്ടുവെച്ച മൂന്നിന സമാധാന വ്യവസ്ഥകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി റിപ്പോർട്ട്. അമേരിക്കയിലെ നവംബർ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണങ്ങൾ ട്രംപ് കടുപ്പിച്ചേക്കുമെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിഷയത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നാണ് ഇറാന്റെ നിലപാട്.
മധ്യസ്ഥരായ ഖത്തർ മുഖേനയാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും തുടര്‍ചര്‍ച്ചകള്‍ക്കുമായി ഇറാൻ ഏഴ് ദിവസത്തെ സമാധാന പദ്ധതിയും മൂന്ന് പ്രധാന വ്യവസ്ഥകളും മുന്നോട്ടുവെച്ചത്:
- ലെബനോൺ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക.
- മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ 1200 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകുക.
- രാജ്യത്തിന് മേലുള്ള നാവിക – സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക.
ഈ മൂന്ന് നിബന്ധനകളും അമേരിക്ക അംഗീകരിക്കുകയാണെങ്കിൽ, ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും സമാധാന ചർച്ചകൾ പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാന്റെ വാഗ്ദാനം. ഹോർമുസിലെ സുരക്ഷിത പാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒമാനും ഇറാനുമായി ചർച്ചകൾ നടത്തിയിരുന്നു.
ഇതിനിടെ സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമങ്ങളുണ്ടായി. തെക്കൻ നഗരമായ ഖമീസ് മുശൈത്തിനെ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും, തലസ്ഥാനമായ റിയാദിന് നേരെ പുലർച്ചെയെത്തിയ രണ്ട് ഡ്രോണുകളും സൗദി പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. മേഖലയിലെ ഈ സംഘർഷാവസ്ഥകൾക്കിടെ മക്ക സംയുക്ത പ്രതിരോധ കരാറിലെ രാജ്യങ്ങളുടെ സൈനിക മേധാവികൾ റിയാദിൽ അടിയന്തര യോഗം ചേർന്നു. നിലവിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സൈനിക, രാഷ്ട്രീയ തലങ്ങളിൽ ഒറ്റക്കെട്ടായി നീങ്ങാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.




+ There are no comments
Add yours