തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിക്കാൻ സർക്കാർ തീരുമാനം. നടി പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണാകും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം നടക്കുന്നത്.
അക്കാദമിയുടെ ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. നടൻ സലിം ഹസൻ, യുവസംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനറൽ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്.
ഐ.എഫ്.എഫ്.കെ (IFFK) ഉൾപ്പെടെയുള്ള ചലച്ചിത്ര മേളകളിൽ സുപ്രധാന പദവികൾ വഹിച്ച പരിചയസമ്പത്താണ് രവീന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സർക്കാരിന് പ്രേരണയായത്. മുൻപ് പ്രിയദർശൻ അക്കാദമി ചെയർമാനായിരുന്ന കാലത്ത് ഭരണസമിതി അംഗമായിരുന്ന അദ്ദേഹം, ഫിലിം ലിറ്ററസി കമ്മിറ്റിയുടെയും ഫിലിം പ്രൊമോഷൻ കൗൺസിലിന്റെയും ചുമതലകൾ വഹിച്ചിരുന്നു. വലിയ വിവാദങ്ങളില്ലാതെ ചലച്ചിത്രമേളകൾ കാര്യക്ഷമമായി സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ ഈ പരിചയസമ്പത്ത് സഹായകമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
സമാന്തര സിനിമാ പ്രവർത്തകരെ അക്കാദമി തലപ്പത്ത് കൊണ്ടുവരണമെന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ജഗദീഷ്, ജോയ് മാത്യു, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയ പ്രമുഖരുടെ പേരുകളും ചെയർമാൻ സ്ഥാനത്തേക്ക് സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയപരമായി യു.ഡി.എഫ് വേദികളിൽ സജീവമായിരുന്ന വ്യക്തി കൂടിയാണ് രവീന്ദ്രൻ.




+ There are no comments
Add yours