തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകിയവരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ വിവരങ്ങൾ തേടും. സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാർ ഉൾപ്പെടെയുള്ളവരിൽ നിന്നാകും വിവരങ്ങൾ ശേഖരിക്കുക. ഇതിനിടെ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ കൂടി പുറത്തുവന്നത് സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും വരും ദിവസങ്ങളിൽ എസ്.ഐ.ടി വിളിപ്പിച്ചേക്കും. കൂടുതൽ വിവരങ്ങൾക്കായി ഇ.ഡിയിൽ നിന്നുള്ള രേഖകളും അന്വേഷണ സംഘം ആവശ്യപ്പെടും. ഈ വിവരശേഖരണത്തിന് ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുക. നിലവിൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമാണ് എസ്.ഐ.ടി നടത്തുന്നത്. പരിശോധനയിൽ ക്രമക്കേടുകൾ വ്യക്തമായാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള പ്രാഥമിക അന്വേഷണത്തിൽ തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ തീരുമാനം. അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരികയും കേസെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രം പ്രതികരിച്ചാൽ മതിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. എന്നാൽ, ഈ പ്രാഥമിക അന്വേഷണ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധവും പ്രചാരണവും നടത്താനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സി.പി.എം സംശയിക്കുന്നുണ്ട്.




+ There are no comments
Add yours