ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഡി.സി.സികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും സംഘടിപ്പിക്കും.
കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മീഷനെടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് മറ്റ് രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളിലടക്കം ഈ ഭിന്നത പ്രകടമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരം കടുപ്പിക്കുന്നത്. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ ‘ഇന്ത്യയുടെ ശത്രു’ എന്നാണ് സി.ജെ.പി വിശേഷിപ്പിച്ചത്.
അതേസമയം, കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പൂർണ്ണമായും നിഷേധിച്ചു. എസ്.ഐ.ആർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും കമ്മീഷൻ ഒറ്റക്കെട്ടായാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും, അന്തിമ തീരുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ചർച്ചകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും നിർദ്ദേശങ്ങളും മാത്രമാണിതെന്നുമാണ് കമ്മീഷൻ നൽകുന്ന വിശദീകരണം.




+ There are no comments
Add yours