തിരുവനന്തപുരം: മുൻ ഭരണാധികാരിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ അഴിമതി നയങ്ങൾ തന്നെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനും തുടരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിരഹിത കേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ 140 ദിവസങ്ങൾ പിന്നിടുമ്പോൾ അഴിമതികൾ ഒളിച്ചുവെക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ വിഡ്ഢിയാക്കുന്ന സി.പി.ഐ.എമ്മിന്റെയും കോൺഗ്രസിന്റെയും ഈ രാഷ്ട്രീയ രീതി മാറണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
രാജീവ് ചന്ദ്രശേഖറിന്റെ പ്രധാന വിമർശനങ്ങൾ:
- മാസപ്പടി കേസ് അട്ടിമറിക്കുന്നു: മാസപ്പടി വലിയൊരു രാഷ്ട്രീയ അഴിമതിയാണ്. സംസ്ഥാനത്ത് കൊള്ള നടന്നുവെന്ന് ആർക്കും സംശയമില്ലാതിരുന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണിതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണം. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ സർക്കാരാണ് ഇപ്പോൾ ഈ അഴിമതികൾ ഒളിച്ചുവെക്കുന്നത്.
- യാത്രാ വിവാദങ്ങളും ഇരട്ടത്താപ്പും: ഒരു വശത്ത് മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റിൽ പറക്കുമ്പോൾ, മറുവശത്ത് സൗദി പ്രവാസിയുടെ റേഞ്ച് റോവറിൽ ഔദ്യോഗിക ബോർഡും ഇന്ത്യൻ പതാകയും വെച്ച് ലീഗ് നേതാക്കൾ യാത്ര ചെയ്യുന്നു. ഇരുമുന്നണികളും അഴിമതിയിലും ഇരട്ടത്താപ്പിലുമാണ് മുന്നോട്ട് പോകുന്നത്. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയ കോൺഗ്രസ് ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- സി.എം.ആർ.എൽ ഡയറി: ഡയറിയിൽ പരാമർശിച്ചിട്ടുള്ള ‘മുരളീധരൻ’ ആരാണെന്നും, ആരാണ് പണം വാങ്ങിയതെന്നും കൃത്യമായി അന്വേഷിക്കണം. അഴിമതിയോട് ബി.ജെ.പിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. അന്വേഷണം നടത്തേണ്ടത് ബി.ജെ.പിയല്ല; ആദ്യം പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങട്ടെ. അന്വേഷണത്തിൽ ഏതെങ്കിലും ബി.ജെ.പി നേതാവ് പണം വാങ്ങിയതായി കണ്ടെത്തിയാൽ അവർക്കെതിരെയും കേസെടുക്കണമെന്നും, അങ്ങനെയുണ്ടായാൽ പാർട്ടി തലത്തിലും അന്വേഷണം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.




+ There are no comments
Add yours