കൊച്ചി: ശബരിമലയിലെ ‘ആടിയ ശിഷ്ടം’ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തൽ. ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയാണ് ഈ നഷ്ടത്തിന് കാരണമായതെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നൽകി.
2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള മണ്ഡലകാലത്തെ വിൽപ്പനയിലാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായിരിക്കുന്നത്. ഉൽപ്പാദനം മുതൽ വിൽപ്പന വരെയുള്ള വിവിധ ഘട്ടങ്ങളിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്. എന്നാൽ, ജീവനക്കാർ വ്യക്തിപരമായി പണം തട്ടിയെടുത്തതിന് തെളിവുകളില്ല. കേസിൽ ഒന്നാം പ്രതി ഒഴികെയുള്ള മറ്റ് ജീവനക്കാർക്കെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ നിലവിലെ തെളിവുകൾ അപര്യാപ്തമായതിനാലാണ് വകുപ്പുതല അച്ചടക്ക നടപടികൾക്ക് കോടതി നിർദ്ദേശം നൽകിയത്.
ഭാവിയിൽ ഇത്തരം ക്രമക്കേടുകളും വീഴ്ചകളും ഒഴിവാക്കുന്നതിനായി നിരവധി സുപ്രധാന നിർദ്ദേശങ്ങളും വിജിലൻസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യുക, ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കുക, എല്ലാ വിൽപ്പന കൗണ്ടറുകളിലും ഹൈ-ഡെഫനിഷൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. വിജിലൻസിന്റെ ഈ ശുപാർശകൾ ഉൾപ്പെട്ട റിപ്പോർട്ട് ഹൈക്കോടതി പൂർണ്ണമായി അംഗീകരിച്ചു.




+ There are no comments
Add yours