തിരുവനന്തപുരം: കേരളത്തിൽ ലയണൽ മെസ്സിയെ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടന്ന തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാന് കുരുക്ക് മുറുകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ മുൻമന്ത്രിയെ തള്ളിപ്പറഞ്ഞ് കൂടുതൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രംഗത്തെത്തി. ഉദ്യോഗസ്ഥർ പലവട്ടം ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി തിരുത്താൻ തയ്യാറായില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ.
മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി.ആർ രമേശാണ് മന്ത്രിക്കെതിരെ നിർണായക മൊഴി നൽകിയത്. ടെൻഡറില്ലാതെ സ്പോൺസറെ നിയമിക്കരുതെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് മന്ത്രി അവഗണിച്ചുവെന്നും, വകുപ്പിലെ കാര്യങ്ങൾ അദ്ദേഹം തന്നിഷ്ടപ്രകാരമാണ് തീരുമാനിച്ചിരുന്നതെന്നും രമേശ് അന്വേഷണ സംഘത്തെ അറിയിച്ചു. കൂടാതെ, ഒരു എയ്ഡഡ് കോളേജ് അധ്യാപികയെ മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ ഔദ്യോഗിക മെയിലുകൾ കൈകാര്യം ചെയ്യാൻ അനുവദിച്ചുവെന്നും, ഇതിനെതിരെ നൽകിയ മുന്നറിയിപ്പുകൾ അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും മൊഴിയിലുണ്ട്.
മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എസ്.ഐ.ടിക്ക് മുന്നിൽ അബ്‌ദുറഹിമാനെതിരെ മൊഴി നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ‘റിപ്പോർട്ടറെ’ സ്പോൺസറാക്കാനുള്ള തീരുമാനം മന്ത്രിയുടേത് മാത്രമായിരുന്നുവെന്ന് സത്യപാലൻ വ്യക്തമാക്കി. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ വെക്കരുതെന്ന മുന്നറിയിപ്പ് ഇവിടെയും ലംഘിക്കപ്പെട്ടു. കൂടാതെ, ഇടപാടിലുൾപ്പെട്ട ആന്റോയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടും മന്ത്രി അത് അവഗണിച്ചുവെന്നും സത്യപാലന്റെ മൊഴിയിൽ വ്യക്തമാക്കുന്നു. വകുപ്പിലെ ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതാണ് തട്ടിപ്പിന് വഴിവെച്ചതെന്നാണ് സ്റ്റാഫ് അംഗങ്ങളുടെ മൊഴികൾ സൂചിപ്പിക്കുന്നത്.


+ There are no comments
Add yours