വി ഡി എസ്
അധികാരമേറ്റിട്ട് നാളെ രണ്ട് മാസം തികയുന്നു:
ജനപ്രിയ പദ്ധതികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടുതൽ ജനകീയനാകുന്നു
60 ദിവസത്തെ ഭരണത്തില്‍ ജനകീയ പദ്ധതികളുമായി മുന്നേറി വി.ഡി. സതീശൻ സര്‍ക്കാര്‍; ‘പ്രിയദര്‍ശിനി’ യാത്രാസൗജന്യം ഉള്‍പ്പെടെ ജനക്ഷേമ പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യത; റബര്‍ തറവില വര്‍ധനയും കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണനയും ശ്രദ്ധേയമായി; വികസനവും സാമൂഹിക സുരക്ഷയും മുൻനിര്‍ത്തിയ ബജറ്റിലൂടെ സര്‍ക്കാരിന്റെ ദിശ വ്യക്തമാക്കി; ആദ്യ രണ്ട് മാസത്തില്‍ ജനങ്ങളിലേക്കെത്താൻ ശ്രമിച്ച ഭരണത്തിന് ശ്രദ്ധേയ തുടക്കം.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് നാളെ രണ്ട് മാസം തികയുന്നു.
ഭരണവിരുദ്ധ വികാരം മറികടന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സർക്കാരിന്റെ ആദ്യ 60 ദിവസങ്ങള്‍ പ്രഖ്യാപനങ്ങളിലെ പുതുമ കൊണ്ടും എന്നാല്‍ അതിവേഗം ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് സർക്കാരിന്റെ വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്നതായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തുടക്കത്തില്‍ ശ്രമിച്ചത്.
ആദ്യ രണ്ട് മാസത്തെ ഭരണത്തില്‍ സർക്കാരിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തത് ‘പ്രിയദർശിനി’ യാത്രാ സൗജന്യ പദ്ധതിയാണ്. വിദ്യാർത്ഥികള്‍ക്കും പ്രായമായവർക്കും ഏറെ ആശ്വാസം നല്‍കുന്ന ഈ പദ്ധതി സർക്കാരിന്റെ വലിയൊരു പോസിറ്റീവ് ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.
ഇതിനൊപ്പം കാർഷിക മേഖലയിലെ മുൻഗണനകളും തീരദേശ സംരക്ഷണ പദ്ധതികളും ബജറ്റിലൂടെ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. റബ്ബറിന്റെ തറവില 250 രൂപയായി ഉയർത്തിയത് കർഷകർക്ക് വലിയ ആശ്വാസമായി. പോലീസില്‍ മുൻപ് നടപ്പാക്കിയ മാറ്റങ്ങള്‍ തിരുത്തി, 414 സ്റ്റേഷനുകളില്‍ സബ് ഇൻസ്പെക്ടർമാരെ വീണ്ടും എസ്.എച്ച്.ഓമാരായി നിയമിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചതും ശ്രദ്ധേയമായിരുന്നു.
എന്നാല്‍ ഭരണനേട്ടങ്ങള്‍ ചർച്ചയാകുന്നതിനേക്കാള്‍ വേഗത്തിലാണ് ആദ്യ രണ്ട് മാസം കൊണ്ട് തന്നെ സതീശൻ സർക്കാർ കടുത്ത വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, സ്വന്തം മുന്നണിയില്‍ നിന്നും പാർട്ടിക്കുള്ളില്‍ നിന്നും സർക്കാരിന് കടുത്ത വിമർശനങ്ങള്‍ നേരിടേണ്ടി വന്നു.പി.എം.ശ്രീ പദ്ധതി തുടരുമെന്ന പ്രഖ്യാപനവും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുളള ബജറ്റ് പ്രഖ്യാപനവുമാണ് മുന്നണിക്ക് ഉളളില്‍ വിമർശനം ഉയർത്തിയതെങ്കില്‍ ഗവണ്‍മെൻറ് പ്ളീഡർ നിയമനം സംബന്ധിച്ച ആക്ഷേപങ്ങളും കെ.എസ്.യുവിനെതികരായ മുഖ്യമന്ത്രിയുടെ പരാമർശവും സംഘ പരിവാർ ബന്ധമുളള എൻ.ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമാണ് കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ സർക്കാരിനെതിരെ വിമർശനമുയരാൻ കാരണമായി.
സഹോദരി ഭർത്താവിനെ സ്വന്തം പഴ്സണല്‍ സ്റ്റാഫില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻെറ തീരുമാനം ആദ്യം തന്നെ വിവാദത്തിലായിരുന്നു.വിമർശനം ശക്തമായതോടെ സർക്കാരിന് തീരുമാനം തിരുത്തേണ്ടി വന്നു. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ ഉയർന്ന ആക്ഷേപങ്ങള്‍ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
മെരിറ്റും പാർട്ടി താല്പര്യങ്ങളും ലംഘിക്കപ്പെട്ടുവെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് പഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളെച്ചൊല്ലി ഉയർന്നത്.ജമാ അത്തെ ഇസ്ളാമിക്കാരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണിൻെറ സ്റ്റാഫില്‍ നിയമിച്ചതും വിവാദത്തിലായി.കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്നാണ് അതിനെതിരെയും വിമർശനം ഉയർന്നത്.ശബരിമല സ്വർണക്കൊളളക്കേസില്‍ പ്രതികളായ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകനെ ദേവസ്വം ചുമതലയുളള പ്ലീഡറായി നിയമിച്ചതാണ് ഗവണ്‍മെൻറ് പ്ളീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആദ്യ വിവാദം.എല്ലാ കോണുകളില്‍ നിന്നും വിമർശനം കനത്തതോടെ അതിലും സർക്കാർ യുടേണ്‍ അടിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളാണ് സർക്കാരിനെ സാമ്പത്തികമായി ഏറ്റവും പ്രതിരോധത്തിലാക്കിയത്. സുതാര്യത ഉറപ്പാക്കാതെയുള്ള നീക്കമാണിതെന്ന് കാണിച്ച് പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധമുയർത്തി.
ഗവണ്‍മെൻറ് പ്ളീഡർ നിയമന പട്ടികയില്‍ മുൻ എസ്.എഫ്.ഐക്കാരനും എബിവിപിക്കാരും കടന്ന് കൂടിയതും വിവാദമായി.എന്നാല്‍ കോണ്‍ഗ്രസിൻെറ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസിൻെറ ശുപാർശ പ്രകാരമാണ് നിയമനം എന്ന് വിശദീകരിച്ച് മുഖ്യമന്ത്രി വിവാദങ്ങളെ പ്രതിരോധിച്ചു.പ്ളീഡർ നിയമനത്തിന് എതിരെ കെ.എസ്.യുവില്‍ നിന്നുയർന്ന വിമർശനത്തിന് മറുപടി പറയുമ്പോള്‍ സംഘടനയെ ഇകഴ്ത്തി കാണിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ വിവാദം കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നതാണ് സർക്കാർ 2 മാസം പൂർത്തിയാക്കുമ്പോള്‍ കാണുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് കെ.എസ്.യുവിനെതിരായി ഉയർന്നുവന്ന പരാമർശങ്ങള്‍ മാറിയിട്ടുണ്ട്.
കെ.എസ്.യുവിനെ കുറിച്ചുണ്ടായ പരാമർശങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പരസ്യമായി രംഗത്തുവന്നു. സംഘടനയുടെ പോരാട്ട വീര്യത്തെ കുറച്ചുകാണിക്കുന്നതാണ് ഇതെന്നാരോപിച്ച് യുവനേതാക്കളും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിളങ്ങിയ വി.ഡി. സതീശന് മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യ രണ്ട് മാസം അത്ര സുഗമമായിരുന്നില്ല എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
‘പ്രിയദർശിനി’ യാത്രാ സൗജന്യം പോലുള്ള പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുമ്പോഴും, പഴ്സണല്‍ സ്റ്റാഫ്-പ്ലീഡർ നിയമനങ്ങളിലെ സുതാര്യതക്കുറവും വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികളിലെ ആരോപണങ്ങളും സർക്കാരിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വേഗത കുറയ്ക്കുന്നു. വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിച്ച് വിവാദങ്ങളെ മറികടക്കുക എന്നതാവും സതീശൻ സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.









+ There are no comments
Add yours