രാമായണ ശീലൂകളാൽ മുഖരിതമായ കർക്കിടകം വിരുന്നെത്തി…

Estimated read time 1 min read

രാമായണ ശീലൂകളാൽ മുഖരിതമായ കർക്കിടകം വിരുന്നെത്തി

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും.തോരാ മഴ പെയ്യുന്ന കര്‍ക്കടകം. മനുഷ്യ മനസുകളിലെ തിന്മകളെ ഇല്ലാതാക്കി നന്മയിലേയ്ക്കുള്ള അയനകാലമാണ് രാമായണം പാരായണ കാലം.

കൊല്ലവര്‍ഷങ്ങളുടെ അവസാന മാസമാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍രഹിതവും വിളസമൃദ്ധിയില്ലായ്മയും ആ സമയത്ത് മനുഷ്യ ജീവിതങ്ങള്‍ക്ക് ഭാഗീകമായെങ്കിലും ഇരുട്ടനുഭവിക്കേണ്ടി വരും. ആ മാസത്തിന് പഞ്ഞ കര്‍ക്കിടകമെന്ന പേരു വീണത് ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭഗവല്‍ ചിന്തകൊണ്ട് മാത്രമേ മനസ്സിനെ കൂടുതൽ സ്വസ്ഥപ്പെടുത്താനും, സുസ്ഥിരപ്പെടുത്തനും, നിർമ്മാലികരിക്കാനും അതിലൂടെ വെളിച്ചത്തിലേക്ക് നയിക്കുവാനും കഴിയു.

ദാർശനികർ രാമായണത്തെ വിവക്ഷിക്കുന്നത് രാമന്റെ ‘അയന’ മായിട്ടാണ്. മറ്റൊരു നിഗമനം കൂടി അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘രാ’ മായണം എന്ന പുരാണ തത്വം. ഒരു ആദര്‍ശവാനും സത്യനിഷ്ടനുമായ അവതാരപുരുഷന്റെ തത്വകള്‍ ഉള്ളിലേക്കാവഹിക്കുമ്പോള്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്ന ‘ര’ അല്‍പാല്‍പമായെങ്കിലും അലിഞ്ഞു തീരാതിരിക്കില്ലെന്ന് നിസ്സംശയം പറയാം.
കര്‍ക്കിടക മാസത്തിന്റെ പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായയഭേദമന്യേ കേരളീയര്‍ രാമായണം വായന തുടങ്ങും. കള്ളകര്‍ക്കിടകത്തിന്റെ കറുത്ത സന്ധ്യകള്‍ ആ നനുത്ത ശീലുകള്‍ കേട്ടുകൊണ്ടായിരിക്കും കണ്ണുകള്‍ ചിമ്മുന്നത്. കര്‍ക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായബന്ധം അവിടെ ആരംഭിക്കുകയാണ്. തറയിലിരുന്നു കൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ ആവണ പലകയിലോ അല്ലെങ്കില്‍ മാന്‍തോലിലോ അതുമല്ലെങ്കില്‍ അശുദ്ധിയില്ലാത്തപീഠത്തിലോ (അത് നിലവിളക്കിനെക്കാലും പൊക്കത്തിലാകരുത്) വടക്കോട്ട്തിരിഞ്ഞിരുന്നു കൊണ്ടുവേണം രാമായണം പാരായണം ചെയ്യാന്‍.
ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതല്‍ തുടങ്ങുന്ന പന്ത്രണ്ട് രാശികളില്‍ നാലാമത്തേതാണ് കര്‍ക്കിടകം. അത് മാതൃത്ത്വത്തിന്റെയും കുടുബത്തിന്റെയും പാരമ്പര്യത്തിന്റെയും രാശിയാണ്. കര്‍ക്കിടക രാശിയിലെ പുണര്‍തം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം. കഴിഞ്ഞ പതിനൊന്നു മാസത്തെ പ്രയത്‌നങ്ങള്‍ക്ക് ശേഷം ചിങ്ങം മുതല്‍ വരുന്ന പുതുവല്‍സരം വരവേല്‍ക്കാനും അതിനാവശ്യമായപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഉപയോഗപ്പെടുത്തുന്ന മാസം കൂടിയാണ് കര്‍ക്കിടകം. പണ്ട് ഇടവപ്പാതി തുടങ്ങി മിക്കപ്പോഴും കര്‍ക്കിടകമാസം വരെ മഴ തുടരാറുണ്ട്. അതിനാല്‍ കൃഷിക്കാര്‍ക്ക് വിശ്രമദിനങ്ങളായിരിക്കും. അതിനാലാണ് പഞ്ഞമാസം എന്ന പേര് വീണത്. ആ മാസം കൃഷിക്കാരുംഅദ്ധ്വാനിക്കുന്നവരും വിശ്രമിക്കാനും ചിങ്ങം മുതല്‍ വരുന്ന മാസങ്ങളില്‍ പ്രയത്‌നിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിപാലനത്തിനും ശ്രദ്ധിക്കുന്നു. പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയുംമണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു.

അതിനാല്‍ കര്‍ക്കിടകമാസം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും അന്യോന്യം ക്ഷമിക്കാനും പിതൃക്കളെ സ്മരിക്കാനുമായി ഉള്ള രാമായണ പാരായണത്തിലൂടെ കഴിയുമാറാകട്ടെ

കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് , ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യ പരിചരണത്തിനും കര്‍ക്കടക മാസത്തിലാണ് തുടക്കം. ആയുര്‍വേദ ചികിത്സക്കും ഔഷധ കഞ്ഞി കുടിച്ചുള്ള ആരോഗ്യ സംരക്ഷണത്തിനും കര്‍ക്കടക മാസം തന്നെയാണ് ഉത്തമം.

+ There are no comments

Add yours