കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ നടന്നു. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രമുഖ സംവിധായകൻ എസ്.എസ്. രാജമൗലി മുഖ്യാതിഥിയായി എത്തിയ ചടങ്ങ് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. കേരളവുമായുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ച രാജമൗലി, ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പിന്തുണ നൽകിയ നടൻ മോഹൻലാലിന് വേദിയിൽ പ്രത്യേക നന്ദി അറിയിച്ചു.
സിനിമയിലുണ്ടായ ഇടവേളകൾ കൂടി കണക്കാക്കിയാൽ താനും സിനിമയിലെത്തിയിട്ട് 25 വർഷമായെന്നും ഇതുവരെ 66-ലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചുവെന്നും നായകൻ ഫഹദ് ഫാസിൽ പറഞ്ഞു. പൂർണ്ണമായും ഒരു മലയാള ചിത്രമെന്ന നിലയിൽ കുടുംബപ്രേക്ഷകർക്ക് ഒന്നിച്ചാസ്വദിക്കാൻ കഴിയുന്ന സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സിനിമാപ്രേമികളെ പ്രശംസിച്ച നിർമ്മാതാവ് എസ്.എസ്. കാർത്തികേയ, ഫഹദിന്റെ ഈ ചിത്രം മലയാളികൾ ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് വ്യക്തമാക്കി. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ബാലതാരം സാറയും വേദിയിലെ താരമായി.
ചിത്രം മികച്ച ഒരു കുടുംബചിത്രമായിരിക്കുമെന്ന് സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവർ അഭിപ്രായപ്പെട്ടു. സെറ്റിൽ വളരെ കൂളാണെങ്കിലും സംവിധായകൻ എന്ന നിലയിൽ രാജമൗലിയോട് സംസാരിക്കാൻ തനിക്ക് നേരിയ പേടിയുണ്ടെന്ന് ഗിരീഷ് വേദിയിൽ പറഞ്ഞു.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കിയ അർക്ക മീഡിയ വർക്സും ഷോയിങ് ബിസിനസും ചേർന്ന് ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ് കാർത്തികേയ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന് കാലഭൈരവ സംഗീതം ഒരുക്കുന്നു. എസ്.എസ്. കാഞ്ചിയും ഹംസ അലിയും ചേർന്നാണ് തിരക്കഥ വികസിപ്പിച്ചത്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.




+ There are no comments
Add yours