കൊച്ചി: സംസ്ഥാനത്ത് ബാറുകൾക്ക് ആദ്യമായി ലൈസൻസ് അനുവദിക്കുമ്പോൾ മാത്രമേ സ്റ്റാർ പദവി നിബന്ധന ബാധകമാകുകയുള്ളൂവെന്നും, ലൈസൻസ് പുതുക്കി നൽകാൻ ഇത് നിർബന്ധമല്ലെന്നും സംസ്ഥാന നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റാർ പദവിയില്ലാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. പുതിയ ലൈസൻസ് നൽകുന്നതിനെയും നിലവിലുള്ളവ പുതുക്കുന്നതിനെയും ഒരേപോലെ കാണാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ 147 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയത് ഒരു ഇടക്കാല ഭരണക്രമീകരണം മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനുപുറമെ, ബാറുകൾക്കുള്ള സ്റ്റാർ പദവി വ്യവസ്ഥ എടുത്തുകളയാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്റ്റാർ പദവി പുതുക്കാത്ത 147 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.
അതേസമയം, സംസ്ഥാനത്ത് 26 സ്റ്റാർ ഹോട്ടലുകൾ കൂടി പുതിയ ബാർ ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ മദ്യനയത്തിന് ഇതുവരെ അന്തിമരൂപമാകാത്തതിനാൽ ഈ അപേക്ഷകളിൽ എക്സൈസ് വകുപ്പ് തീരുമാനമെടുത്തിട്ടില്ല.




+ There are no comments
Add yours