പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിത്തു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിസോർട്ടിലെത്തിയ ജിത്തു ജോലിയിലുണ്ടായിരുന്ന ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ 15 മിനിറ്റോളം സംസാരിച്ചു. ഇതിനിടെ പ്രകോപിതനായ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദിൻഷയെ തുടരെ കുത്തുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ദിൻഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസോർട്ടിലെ മറ്റ് ജീവനക്കാരാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പ്രതി ജിത്തുവിനെ ജീവനക്കാർ പിടികൂടി സമീപത്തെ ആൽമരത്തിൽ കെട്ടിയിട്ടു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് ഇവർ പ്രതിയെ കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.




+ There are no comments
Add yours