തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നടത്തിയ മുന്നേറ്റം വിജയത്തെപ്പോലെ തന്നെ മധുരമുള്ളതാണെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റുകളിലും എൽ.ഡി.എഫ് 18 സീറ്റുകളിലുമാണ് വിജയിച്ചത്. എൽ.ഡി.എഫ് മികച്ച തേരോട്ടം നടത്തി സീറ്റുകൾ പിടിച്ചെടുത്തുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിലെ യു.ഡി.എഫ് ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ തവണ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗ് വിജയിച്ച ഇവിടെ, ഇത്തവണ യു.ഡി.എഫിന്റെ ഭൂരിപക്ഷം കേവലം 436 വോട്ടായി ചുരുങ്ങിയത് എൽ.ഡി.എഫിന്റെ വലിയ നേട്ടമാണ്.
യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും, മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബി.ജെ.പി രാഷ്ട്രീയത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദുസമീപനവുമാണ് പരമ്പരാഗത യു.ഡി.എഫ് വോട്ടർമാരെപ്പോലും എൽ.ഡി.എഫിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ ഇത്തരം മികച്ചൊരു മുന്നേറ്റം സാധ്യമാക്കിയ പാർട്ടി സഖാക്കൾക്കും വോട്ടർമാർക്കും മുഹമ്മദ് റിയാസ് അഭിവാദ്യങ്ങളർപ്പിച്ചു.




+ There are no comments
Add yours