ടൂറിസ്റ്റ് ബസുകളുടെ കളർ കോഡിൽ മാറ്റത്തിന് സാധ്യത; തീരുമാനമെടുക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയെ ചുമതലപ്പെടുത്തി സർക്കാർ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ കളർ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (എസ്.ടി.എ) തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. വിവിധ ഹൈക്കോടതി വിധികളുടെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളുടെയും വിനോദസഞ്ചാര മേഖലയുടെ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാകണം പുതിയ തീരുമാനമെടുക്കേണ്ടതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കേരളത്തിൽ സർവീസ് നടത്തുമ്പോൾ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രം കളർ കോഡ് ഏർപ്പെടുത്തിയത് വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് പരാതികളുയർന്നിരുന്നു. കേരളത്തിലെ നിയന്ത്രണങ്ങളെ തുടർന്ന് ബസ് ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യാൻ തുടങ്ങിയതോടെ നികുതി, പെർമിറ്റ് ഫീസ് ഇനങ്ങളിൽ സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് 1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 (1) (ഡി) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കളർ കോഡ് പുനഃപരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.

റോഡ് സുരക്ഷ മുൻനിർത്തി ടൂറിസ്റ്റ് ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും അലങ്കാരങ്ങളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, 2021 ഓഗസ്റ്റിലാണ് സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് എസ്.ടി.എ ഏകീകൃത കളർ കോഡ് നടപ്പിലാക്കിയത്. എന്നാൽ, കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് പ്രത്യേക നിറം നിർബന്ധമാക്കിയിട്ടില്ല എന്നതും പുതിയ തീരുമാനത്തിന് അടിസ്ഥാനമായി.

+ There are no comments

Add yours