ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമ്മീഷണർ ഗ്യാനേഷ് കുമാറും രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഗ്യാനേഷ് കുമാർ പ്രധാനമന്ത്രിയുടെ കളിപ്പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തുക, കമ്മീഷന്റെ തീരുമാനങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുക തുടങ്ങി അഞ്ച് പ്രധാന ആവശ്യങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളത്. കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലുകളും പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയായി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി രാജിവെക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഭാവിയിലെ സമരപരിപാടികൾ നാളെ നടക്കുന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ ചർച്ച ചെയ്ത് പ്രഖ്യാപിക്കാനാണ് തീരുമാനം.
അതിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇടതുപാർട്ടികൾ നടത്തിയ മിന്നൽ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധിച്ച നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.




+ There are no comments
Add yours