തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികം; യു.ഡി.എഫിന്റെ ഭൂരിപക്ഷം സർക്കാരിന്റെ കരുത്ത് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Estimated read time 1 min read

ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്നും, ഭൂരിപക്ഷം സീറ്റുകളിലെ യു.ഡി.എഫ് വിജയം സർക്കാർ ശക്തമാണെന്നതിന്റെ തെളിവാണെന്നും മന്ത്രി രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ യു.ഡി.എഫിന് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഉപതിരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ യു.ഡി.എഫിന് നേരിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. നേരത്തെ 22 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫിന്റെ അംഗബലം 19 ആയി കുറഞ്ഞു. മുൻപ് 15 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് മൂന്ന് സീറ്റുകൾ അധികം നേടി നില മെച്ചപ്പെടുത്തി. യു.ഡി.എഫിന്റെ അഞ്ച് സിറ്റിങ് വാർഡുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി-20 നിലനിർത്തി. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിലും മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാമതെത്താനായത് ബി.ജെ.പിക്ക് ആശ്വാസമായി.

കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ എന്നീ ഡിവിഷനുകൾ യു.ഡി.എഫ് നിലനിർത്തി. ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കല്ലാർ ഡിവിഷൻ യു.ഡി.എഫും പാലക്കാട്ടെ പല്ലശ്ശന ഡിവിഷൻ എൽ.ഡി.എഫും നിലനിർത്തിയപ്പോൾ, കോട്ടയം തൃക്കൊടിത്താനം ഡിവിഷൻ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തത് ഭരണമുന്നണിക്ക് ക്ഷീണമായി.

നഗരസഭകളിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ജയം നേടി. എന്നാൽ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തി. ആകെയുള്ള 11 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ എട്ടിടത്തും യു.ഡി.എഫാണ് വിജയിച്ചത്, രണ്ടിടത്ത് എൽ.ഡി.എഫും. പത്തനംതിട്ട ജില്ലയിലെ നാലിടത്തും യു.ഡി.എഫിനാണ് മിന്നും ജയം. മലപ്പുറത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ, എറണാകുളത്ത് മുന്നണികൾ തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തി.

+ There are no comments

Add yours