ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക് ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു.
പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.
പുക ശ്വസിച്ച് ശ്വാസതടസം നേരിട്ട ദമ്പതികളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രിഡ്ജിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.







+ There are no comments
Add yours