മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ ഹാജരാകണം

Estimated read time 1 min read

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് പൊലീസിന്റെ രണ്ടാമത്തെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കളമശേരി പൊലീസ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ 15-ന് ശേഷം ഹാജരാകാൻ സമയം അനുവദിക്കണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി. നാളെ ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല. നിലവിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയ പശ്ചാത്തലത്തിലാണ് ഇന്നലെ വൈകിട്ടോടെ വീണ്ടും നോട്ടീസ് നൽകിയത്. രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ആദ്യം തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശേരി പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. ചാനലിലെ ഒരു റിപ്പോർട്ടറെ കേസിൽ നേരത്തെ ചോദ്യം ചെയ്തിരുന്നു.

പത്തനംതിട്ടയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ആന്റോ അഗസ്റ്റിൻ ഉന്നയിച്ചത്. മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചുവെന്ന വാർത്തയും രേഖകളും തന്റെ പക്കൽ എത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചത് ആരാണെന്നും, ഇതിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ സമ്മർദ്ദ തന്ത്രങ്ങളോ ഉണ്ടോയെന്നുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

+ There are no comments

Add yours