തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പീക്ക് സമയങ്ങളിൽ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. രാത്രി ഒമ്പത് മണിക്ക് ശേഷവും ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ല. മാറ്റക്കരാർ (സ്വാപ്പ്) അടിസ്ഥാനത്തിലുള്ള വൈദ്യുതി അടിയന്തരമായി ലഭ്യമായില്ലെങ്കിൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും.
മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന 300 മെഗാവാട്ട് വൈദ്യുതിയുടെ കടം കൊടുക്കൽ അവസാനിച്ചതോടെ പ്രതിസന്ധിക്ക് അയവുവരുമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മുൻ വിലയിരുത്തൽ. എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതാണ് ഇന്നലത്തെ പവർകട്ടുകൾ വ്യക്തമാക്കുന്നത്. പലയിടത്തും ഒന്നിലേറെ തവണയാണ് രാത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടത്. കനത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് പ്രതിസന്ധി വർധിപ്പിച്ചത്. ഇതിനുപുറമെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
വൈദ്യുതി ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തി ചർച്ചകൾ നടത്തിയിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കടുത്ത വേനലിൽ തുടർച്ചയായ പവർകട്ടുകൾ മൂലം ജനങ്ങൾ വലയുമ്പോഴും പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ നിഷ്ക്രിയത്വമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.




+ There are no comments
Add yours