വയനാട്: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാന വ്യാപകമായി മുറിച്ചുകടത്തിയ കോടിക്കണക്കിന് രൂപയുടെ മരങ്ങളിൽ പകുതിയോളം ഇനിയും കണ്ടെത്താനായില്ല. 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങളാണ് ഉത്തരവിന്റെ പിൻബലത്തിൽ മുറിച്ചുമാറ്റിയത്. ഇതിൽ എട്ട് കോടിയോളം രൂപയുടെ മരങ്ങൾ മാത്രമാണ് പിടികൂടാനായത്. ബാക്കി വരുന്ന ആറ് കോടിയിലേറെ രൂപയുടെ ഈട്ടി, തേക്ക് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങൾ എങ്ങോട്ട് മാറ്റിയെന്നതിൽ ഇനിയും വ്യക്തതയില്ല. കാണാതായ ഈ മരങ്ങളെക്കുറിച്ച് പിന്നീട് കാര്യമായ അന്വേഷണവും നടന്നിട്ടില്ല.
2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് പുറത്തിറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വൻ മരംകൊള്ള അരങ്ങേറിയത്. ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു ഈ അനുമതി. വ്യാപക പ്രതിഷേധത്തെത്തുടർന്ന് 2021 ഫെബ്രുവരി 4-ന് ഉത്തരവ് പിൻവലിച്ചു. എന്നാൽ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്ഥാനത്ത് 2600-ലധികം മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. മുട്ടിലിൽ മാത്രം 108 ഈട്ടിമരങ്ങളാണ് മുറിച്ചത്. പിന്നീട് 2021 ഫെബ്രുവരി 6-ന് പെരുമ്പാവൂരിൽ വെച്ച് വനംവകുപ്പ് ഈ ഈട്ടിത്തടികൾ പിടികൂടുകയായിരുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് മുട്ടിൽ കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെയുള്ള അന്വേഷണം മാത്രമാണ് നടന്നതെന്നാണ് പ്രധാന വിമർശനം. ഈ കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞത്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ, അന്നത്തെ കൽപ്പറ്റ റേഞ്ച് ഓഫീസർ എന്നിവർക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും പൊലീസ് ആ വഴിക്ക് അന്വേഷണം നീട്ടിയില്ല. ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് വനംവകുപ്പ് കണ്ടെത്തിയ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിച്ചില്ല. ഇതിനിടെ അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ മറ്റൊരു കേസിന്റെ ചുമതല നൽകി മാറ്റുകയും ചെയ്തിരുന്നു.




+ There are no comments
Add yours